കൊച്ചിയില്‍ ലഹരിവേട്ട; വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

ആസാം മാരിഗൗന്‍ സ്വദേശി റബുള്‍ ഇസ്ലാം (37), ദുപാരിത്തുര്‍ സ്വദേശി മക്‌സിദുള്‍ ഹഖ് (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം: കൊച്ചിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ആസാം മാരിഗൗന്‍ സ്വദേശി റബുള്‍ ഇസ്ലാം (37), ദുപാരിത്തുര്‍ സ്വദേശി മക്‌സിദുള്‍ ഹഖ് (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടില്‍ ബാഗില്‍ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. ഇവ ആസാമില്‍ നിന്നും വില്‍പ്പനയ്ക്കായി കേരളത്തില്‍ എത്തിച്ചതാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഹെറോയിന്‍ വില്‍പന നടത്തിയിരുന്നത്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോണ്‍സന്‍, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.

Exit mobile version