കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താല്‍ ഗുരുതരമായ ക്രമസമാധാനപ്രശ്‌നമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്നും വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഹര്‍ത്താലിനെതിരെ സുപ്രീം കോടതിയടക്കം ഇടപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോള്‍ നാളെ നടക്കുന്ന പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൂടാതെ, ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ആവശ്യമുള്ള എല്ലാ കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.