കണ്ണൂര്‍: ക്ഷേത്ര പരിപാടിയില്‍ വച്ച് ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ തുറന്നുപറച്ചില്‍ വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ തുറന്നുപറച്ചിലിന് പിന്നാലെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട്.
മന്ത്രി എത്തിയ ദിവസം താന്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് വ്യക്തമാക്കി.
രണ്ടു കൂട്ടര്‍ക്കും വിഷമം ഉണ്ടായ സംഭവമാണ്. ഒരാളെ പഴി പറയാന്‍ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയില്‍ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. 6 മാസം മുമ്പ് നടന്ന സംഭവം തന്നെ അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്ന് ഇല്ല, ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേല്‍ശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചാല്‍ മാത്രമെ വിഷയത്തില്‍ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്ത് എനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post