ഇടുക്കി: യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ 150 പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. സഹോദരങ്ങളായ കട്ടപ്പന കറുകച്ചേരില്‍ ജെറിന്, ജെബിന് എന്നിവരാണ് പടിയിലായത്.
ഗ്യാസ് ഏജന്‍സി നടത്തിവന്ന സഹോദരങ്ങള്‍ ഇവിടുത്തെ ജീവനക്കാരിയായ യുവതിയോടുള്ള വൈരാഗ്യത്തില്‍ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ജെറിനും ജെബിനും പിടിയിലായത്.
ഇരട്ടയാര്‍ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരിലാണ് ജെറിനും സഹോദരന് ജെബിനും ഗ്യാസ് ഏജന്‍സി നടത്തുന്നവരുന്നത്. ഇവിടുത്തെ ജീവനക്കാരിയായ യുവതിയോട് ജെറിനുണ്ടായ വ്യക്തി വൈരാഗ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം 150 ഓളം പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, ജെറിന് ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്യുകയും പിന്നീട് ഗ്രൂപ്പ് റിമൂവ് ചെയ്യുകയുമായിരുന്നു.
സാമൂഹ്യ മാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രില്‍ മാസത്തില്‍ ഇടുക്കി തങ്കമണി പോലീസില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ചിത്രങ്ങള്‍ പ്രചരിച്ചതെന്നും മനസ്സിലായി.
ആസാം സ്വദേശിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജെറിന്റെ തൊഴിലാളി ആണ് ഇയാളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തങ്കമണി സി ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അസമിലെത്തി ഇയാളെ കണ്ടെത്തി. പണികുറവായതിനാല്‍ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിന് തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ആസാം സ്വദേശി മൊഴി നല്കി.
പണം നല്കിയ ശേഷം സിംകാര്‍ഡ് ജെബിന് വാങ്ങിയതായും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജെറിനെയും ജെബിനെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കാനും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. കട്ടപ്പന കോടതിയെ സമീപിച്ച് തെളിവു ശേഖരിക്കാന്‍ തെരച്ചില്‍ നടത്താനുള്ള വാറണ്ട് സമ്പാദിച്ചാണ് പോലീസ് ജെറിനെയും ജെബിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.