കോഴിക്കോട്: നിപ ഭീതി സംസ്ഥാനത്ത് ഒഴിയുന്നതിനിടെ പ്രതീക്ഷകൾ നൽകി പുറത്തുവരുന്ന വാർത്തകൾ. ഹൈറിസ്‌ക് വിഭാഗത്തിലുൾപ്പടെയുള്ള നിപ ബാധിതരുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാ ഫലങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി നെഗറ്റീവാണ്. രോഗസംശയത്തെ തുടർന്ന് അയക്കുന്ന സാംപിളുകളുടെ പരിശോധനാഫലം എത്തുമ്പോൾ നെഗറ്റീവെന്ന് കാണിക്കുന്നത് വലിയ ആശ്വാസമാണ് കോഴിക്കോട് ജില്ലയ്ക്ക് നൽകുന്നത്.
ഇപ്പോഴിതാ വെന്റിലേറ്ററിലായിരുന്ന നിപ ബാധിതനായിരുന്ന കുട്ടിക്ക് മികച്ച ആരോഗ്യ പുരോഗതിയുണ്ട് എന്നാണ് റിപ്പോർട്ട്. ഒമ്പതുവയസുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുകയാണ്.
‘എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ്, എനിക്കവനെ ജീവനോടെ തിരിച്ച് വേണം’ എന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അമ്മ കണ്ണീരോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പറഞ്ഞത്.
ആരോഗ്യമന്ത്രി ഫോണിൽ കൂടിയാണ് കുട്ടിയുടെ അമ്മയുമായി സംസാരിച്ചത്. ‘ഞാൻ 8 വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് എനിക്ക് അവനെ ജീവനോടെ തിരിച്ച് വേണം. എന്റെ ഡോക്ടറെ ഏൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്, എനിക്ക് പോരാൻ മനസ്സില്ലായിരുന്നു. നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങ് പോന്നത്’- എന്നാണ് അമ്മ കണ്ണീരോടെ പറയുന്നത്.
‘വിഷമിക്കേണ്ട മോനെ നന്നായി നോക്കുന്നുണ്ട്, വളരെ ശ്രദ്ധയോടെ അവനെ നോക്കുന്നുണ്ട്, അവൻ മിടുക്കനായി തിരിച്ച് വരും’- എന്നാണ് ഈ അമ്മയ്ക്ക് ആരോഗ്യമന്ത്രി വാക്കുനൽകിയത്. ‘അവൻ മിടുക്കനായി തിരിച്ചുവരും’ എന്ന് പ്രതീക്ഷയോടെ ആ അമ്മയും പറയുകയാണ്.