കൊച്ചി: കൊച്ചിയിലെ പൊതുപ്രവർത്തകൻ അഡ്വ. ഗിരീഷ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് വരെ കാരണമായ പാലാരിവട്ടം പാലം അഴിമതിക്കേസ് ഉൾപ്പടെയുള്ള രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസുകളിലെ പരാതിക്കാരനാണ് ഗിരീഷ് ബാബു. നിരവധി കേസുകളിൽ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായിരുന്നു.
രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, വീണ തുടങ്ങിയവർ മാസപടി കൈപറ്റിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഇദ്ദേഹം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് തള്ളിയതോടെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലുമെത്തിയിരുന്നു.
പരാതിക്കാരന്റെ വാദം പൂർത്തിയായിരുന്നു. തുടർന്ന് ഇന്ന് സർക്കാരിന്റെ വാദം ഹൈക്കോടതിയിൽ നടക്കാനിരിക്കെയാണ് ഗിരീഷ് ബാബുവിന്റെ മരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ട് നൽകും.