കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാത്ഥികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനമായത്.
അതുകൊണ്ടു തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്.
ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നും, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടതില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.