തിരുവനന്തപുരം: കുറച്ചുദവസങ്ങളായി തുടരുന്ന സൈബർ അധിക്ഷേപത്തിന് എതിരെ സംസ്ഥാന പോലീസ് ഡിജിപിക്ക് പരാതി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ.
തനിക്കെതിരായ വ്യക്തി അധിക്ഷേപ പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകൾ അടക്കമാണ് മറിയ ഉമ്മൻ ഡിജിപിക്ക് പരാതി കൈമാറിയിരിക്കുന്നത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യം.
നേരത്തെ, മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ സൈബർ അധിക്ഷേപത്തിനെതിരെ നൽകിയ പരാതിയിൽ നേരത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് സെക്രട്ടേറിയറ്റിലെ ജീവനക്കാരൻ നന്ദകുമാറിനെതിരെയായിരുന്നു പോലീസ് കേസെടുത്തത്. മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയായിരുന്നു കേസിലെ പ്രതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
അന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് സമൂഹമാധ്യങ്ങളിലൂടെ അച്ചുവിനെതിരെ വ്യാപകമായ അതിക്രമമുണ്ടായത്. വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തുവന്നിരുന്നു.