തിരുവനന്തപുരം: എല്ലാവരും താന്‍ അപ്പയേപ്പോലെയാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. എന്നാല്‍ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചാണ്ടി പറഞ്ഞു.
”അപ്പയേപ്പോലെയാകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കില്‍ ആളുകള്‍ അസ്വസ്ഥരാകും. ഞാന്‍ ഒരു തുടക്കക്കാരനാണ് എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ട്’, ചാണ്ടി ഉമ്മന്‍ ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെ പറഞ്ഞു.
”ദിവസവും 300-350 ഫോണ്‍ കോളുകള്‍ വരും. രാവിലെ ഏഴ് മണി മുതല്‍ പാതിരാത്രി വരെ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളികളാണ്. എന്റെ വിജയം ഒരു രാഷ്ട്രീയ വിജയം തന്നെയാണ്. ഞങ്ങള്‍ അതിനെ അഭിമാനതരംഗം എന്നാണ് വിളിക്കുന്നത് സഹതാപതരംഗം എന്നല്ല’ ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
നേതാവിന്റെ മകനോ മകളോ ആയതിന്റെ പേരില്‍ ഒരാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റില്ലെന്നും അയാള്‍ സമൂഹത്തിന് വേണ്ടി നിലകൊള്ളുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് ചോദ്യമെന്നും ചാണ്ടി പറഞ്ഞു.