കല്‍പ്പറ്റ: അരിമുളയില്‍ യുവാവ് ജീവനൊടുക്കിയ സംഭവം കൂടുതല്‍ സംശയത്തിലേക്ക്. ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. ചിറകോണത്ത് അജയരാജാണ് ജീവനൊടുക്കിയത്. അജ്ഞാത നമ്പറില്‍നിന്ന് ചില സന്ദേശങ്ങളും ചിത്രങ്ങളും അജയരാജിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് വന്നതായാണ് സൂചന.
മരിച്ചയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതില്‍ നിന്നാണ് ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നാണെന്ന സംശയമുയര്‍ന്നത്. അജയരാജ് 5000 രൂപ ഓണ്‍ലൈന്‍ വായ്പ എടുത്തിരുന്നതായുള്ള സ്ക്രീന്‍ഷോട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ ഫോണിലേക്ക് വന്ന സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
അജയരാജിന്റെ മരണശേഷം പോലീസ് ഈ അജ്ഞാത നമ്പറിലേക്ക് ചാറ്റ് ചെയ്തപ്പോഴാണ് വായ്പയെടുത്തതായുള്ള സന്ദേശം ലഭിക്കുന്നത്. ഇതോടെ ഇയാള്‍ മരിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു. അതോടെ അപ്പുറത്ത് നിന്ന് ചാറ്റു ചെയ്യുന്ന ആള് പൊട്ടിച്ചിരിക്കുന്ന വിധത്തില്‍ സന്ദേശമയക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സന്ദേശങ്ങള്‍ വന്നത്. മോശം പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
അതിനിടെ അജയരാജന്റെ ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും എത്തിയതായും വിവരമുണ്ട്. അതിനു പിന്നാലെയാണ് അജയരാജ് തൂങ്ങി മരിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്. അജയരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു പിന്നാലെ സംസ്കരിച്ചു.
Discussion about this post