കൊച്ചി: കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറിപ്പ് കണ്ടെടുത്തു. കടത്തിന് മേല്‍ കടമായതിനാല്‍ ജീവിതം മടുത്തുവെന്നും ഞങ്ങളുടെ മരണത്തില്‍ ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികളെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ദമ്പതിമാരായ നിജോയും ശില്പയും ചേര്‍ന്നാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നതെന്നാണ് വിവരം.
ഞങ്ങളെ ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. കുട്ടികളെ കൊലപ്പെടുത്തണം എന്ന് കരുതിയതല്ല, ആരുടേയും ആട്ടു തുപ്പും കേട്ട് കുട്ടികള്‍ ഇനി ജീവിക്കണ്ട എന്നു കരുതിയാണ്. എന്ന കാര്യങ്ങളടക്കം ആത്മഹത്യാകുറിപ്പില്‍ പറയുന്നു. അമ്മയെ നോക്കണം എന്നും സഹോദരനോട് പറയുന്നുണ്ട്. സഹായത്തിനായി പലരേയും ആശ്രയിച്ചെങ്കിലും ആരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തേണ്ടതില്ല. മരണാനന്തര ചടങ്ങുകള്‍ക്കായി ആരില്‍ നിന്നും പണം വാങ്ങരുതെന്നും ദമ്പതിമാര്‍ കുറിപ്പില്‍ പറയുന്നു.
അതേസമയം, ആത്മഹത്യ കുറിപ്പിന്റെ പശ്ചതാത്തലത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇവരുടെ കടങ്ങളെക്കുറിച്ച് പോലീസിന് കൂടുതല്‍ കാര്യങ്ങള്‍ ലഭിച്ചതായാണ് വിവരം. ബാങ്കുകളിലും മറ്റും സാമ്പത്തികബാധ്യതകള്‍ ഉണ്ട്. ഇവര്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്ക് വഴി നിരവധി യു.പി.ഐ. ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കായി ഇവരുടെ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ തുറന്ന ശേഷം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതവരും.
ലോണ്‍ ആപ്ലിക്കേഷനുകള്‍ എടുത്തിട്ടുണ്ടോ, ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടോ, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫോണിലേക്ക് എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്പ(29) മക്കളായ ഏയ്ബല്(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരേയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Discussion about this post