മലപ്പുറം: 30ാം തീയതി മരിച്ചയാൾക്ക് നിപ വൈറസ് ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം. ഇദ്ദേഹത്തിന്റെ ശ്രവ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെച്ച് തൊണ്ടയിൽ നിന്നുള്ള സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.
ആദ്യം രോഗം ആർക്കാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചതോടെ കൂടുതൽ കാര്യക്ഷമമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗിയുമായി സമ്പർക്കമുണ്ടായ സ്വകാര്യ ആശുപത്രിയിലെ 30 ജീവനക്കാരിൽ നടത്തിയ നിപ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ രോഗം ബാധിച്ചവരുമായി സമ്പർക്കമുണ്ടായെന്ന കരുതുന്നവരുടെ പട്ടികയും തയ്യാറാക്കാനായിട്ടുണ്ട്.
ഇതിൽ തൃശൂരിൽ നിന്നുള്ള മൂന്നുപേരും വയനാട്ടിൽ നിന്നുള്ള ഒരാളും കണ്ണൂരിൽ നിന്നുള്ള മൂന്ന് പേരും മലപ്പുറം ജില്ലയിലെ 22 പേരും ഉൾപ്പെടുന്നു. രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ മരിച്ച വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ വെച്ചാണ് മലപ്പുരത്തെ 22 പേർക്ക് സമ്പർക്കമുണ്ടായിരിക്കുന്നത്.
കോഴിക്കോട് ജില്ലയുടെ അതിർത്തിപ്രദേശങ്ങളായ കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അറിയിച്ചു. മുഴുവൻ ആളുകളുടേയും സ്രവം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവിൽ ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല. പരിശോധന ഫലം ശനിയാഴ്ച അറിയും. ജില്ല നിപ കൺട്രോൾ സെല്ലിൽനിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കാൻ ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് ജില്ല മെഡിക്കൽ ഓഫിസർ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന ദിവസംവരെ വീടുകളിൽ ക്വാറൻറീനിൽ ഇരിക്കുകയും കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യണം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post