നിരന്തരം ഓണ്‍ലൈന്‍ ഗെയിം കണിച്ച് പണം നഷ്ടമായി, കടം വാങ്ങിയും ഗെയിം കളി തുടര്‍ന്നു, ഒടുവില്‍ ആത്മഹത്യ! മൂന്നാറിലെ ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വില്ലനായത് ഓണ്‍ലൈന്‍ ഗെയിമാണെന്നും, ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടര്‍ന്നാണ് റോഷന്‍ ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍.

ഇടുക്കി: മൂന്നാറിലെ പള്ളിവാസലില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസര്‍ഗോഡ് സ്വദേശിയായ പികെ റോഷന്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വില്ലനായത് ഓണ്‍ലൈന്‍ ഗെയിമാണെന്നും, ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടര്‍ന്നാണ് റോഷന്‍ ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍.

ഇയാളുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോഷന്റെ ആത്മഹത്യക്ക് പിന്നില്‍ ഓണ്‍ലൈന ഗെയിമാണെന്ന് പോലീസ് കണ്ടെത്തിയത്. കുറച്ചുനാളായി റോഷന്‍ നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നുവെന്നും ഇതുമൂലം കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായെന്നും സഹപ്രവര്‍ത്തകര്‍ പോലീസിനു മൊഴി നല്‍കി.

രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി പണം ഉപയോഗിച്ച് യുവാവ് റമ്മി കളിക്കുന്നത് ജീവനക്കാര്‍ കണ്ടിരുന്നു. ആദ്യം ഗെയിം കളിച്ച് പണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കളിച്ചുണ്ടാക്കിയ പണം കിട്ടാതായി. ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്‍കാന്‍ റോഷനോട് ഓണ്‍ലൈന്‍ ഗെയിം നടത്തുന്നവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഈ പണം നല്‍കിയ ശേഷമായിരുന്നു റോഷന്റെ ആത്മഹത്യ.

ബുധനാഴ്ച രാത്രിയോടെയാണ് റോഷിനെ താമസസ്ഥലത്ത് കാണാതായത്. തുടര്‍ന്ന് പുലര്‍ച്ചെ ജീവനക്കാര്‍ നടത്തിയ തെരച്ചിലാണ് റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ റോഷിനെ കണ്ടെത്തിയത്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് റാണിപുരം പാറക്കല്‍ റെജി- റെജീന ദമ്പതികളുടെ ഒറ്റ മകനാണ് ആത്മഹത്യ ചെയ്തത് പി കെ റോഷന്‍. കുറച്ചുനാളുകള്‍ക്കു മുമ്പാണ് ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിയത്.

Exit mobile version