കൊച്ചി: നാടിനെ നടുക്കിയ കടമക്കുടിയിൽ രണ്ട് കുട്ടികളുൾപ്പടെയുള്ള നാലംഗ കുടുംബത്തിന്റെ കൂട്ടമരണത്തിന് ഓൺലൈൻ വായ്പാക്കെണിയെന്ന് സൂചന. രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കുകയായിരുന്നു. മരിച്ച യുവതി ഓൺലൈൻ വായ്പ ആപ്പിൽനിന്ന് പണം വായ്പയെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ ആപ്പുകാർ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണി സന്ദേശങ്ങൾ അയച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി.
നാലംഗകുടുംബത്തിന്റെ മരണത്തിന് പിന്നാലെയാണ് ഓൺലൈൻ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങൾ ബന്ധുക്കൾക്കും ലഭിച്ചതെന്നാണ് വിവരം. ഇതോടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.
നിലവിൽ ദമ്പതിമാർ ഉപയോഗിച്ചിരുന്ന മൊബൈൽഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാവിലെയാണ് കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശിൽപ(29) മക്കളായ ഏയ്ബൽ(ഏഴ്) ആരോൺ(അഞ്ച്) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
കുട്ടികളെ കൊലപ്പെടുത്തിയേ ദമ്പതിമാർ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണം സാമ്പത്തികബാധ്യതയാണെന്നാണ് പോലീസും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് ബന്ധുക്കൾ തുറന്നുപറഞ്ഞിരിക്കുന്നത്.
ശിൽപ ഓൺലൈൻ ആപ്പിൽനിന്ന് 9000 രൂപയോളം വായ്പ എടുത്തിരുന്നതായും ഇത് പെട്ടെന്ന് തന്നെ തിരിച്ചടക്കാൻ പറയണമെന്നുമാണ് ബന്ധുക്കൾക്ക് വാട്സാപ്പിൽ ലഭിച്ചിരുന്ന സന്ദേശം. ഒപ്പം ശില്പയുടെ ചില മോർഫ് ചെയ്ത ചിത്രങ്ങളും ഓൺലൈൻ ആപ്പുകാർ ബന്ധുക്കൾക്ക് അയച്ചുനൽകിയിരുന്നു.
കൂടാതെ, പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മുൻപ് വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയിരുന്ന ശിൽപ ഒരുമാസം മുൻപാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് നിജോയും ശിൽപയും കുടുംബത്തോടെ മരണം തിരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)
Discussion about this post