കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ കോടതി വെറുതേ വിട്ടു. കുന്ദമംഗലം കോടതിയുടേതാണ് വിധി. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാല്‍ കഴിഞ്ഞ നാല്പത്തിയാറ് ദിവസമായി റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഗ്രോ വാസു.
കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നുവെന്നും വഴി തടസപ്പെടുത്തിയെന്ന കേസിലാണ് ഗ്രോ വാസുവിനെ വെറുതേവിട്ടത്.
ഈ കേസിലെ പതിനേഴ് പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് പേര് പിഴ അടച്ച് ഒഴിവാവുകയും ചെയ്തു. നിര്‍ദേശം ലംഘിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഗ്രോ വാസുവിനെ വിധി വായിച്ചു കേള്‍പ്പിച്ചത്.
2016 ല്‍ നിലമ്പൂരില്‍ നടന്ന പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിന്റേത്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.
പതിനായിരം രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടതി ഗ്രോ വാസുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഗ്രോ വാസു കോടതിയില്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.
Discussion about this post