ചാരുംമൂട്: തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്ന് മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്ന ദേവു ചന്ദന (12) മരണത്തിന് കീഴടങ്ങി. സുമനസ്സുകളുടെ സഹായത്തോടെ ചികിത്സിച്ചിട്ടും തലച്ചോറിനെ ബാധിച്ച തീവ്ര വൈറസ് കാരണം 2020 ജൂണ്‍ മുതല്‍ അബോധാവസ്ഥയിലായിരുന്നു. നൂറനാട് എരുമക്കുഴി മീനത്തേത്ത് കിഴക്കേക്കരയില്‍ പരേതനായ ബി. ചന്ദ്രബാബുവിന്റെയും രജിതയുടെയും മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
നൂറനാട് ഗവ. എല്‍.പി. സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ് 2020 ജൂണില്‍ ദേവുവിനു കടുത്ത പനി പിടിപെട്ടത്. ക്ഷേത്രത്തിലെ ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹികമാധ്യമങ്ങളിലും പിന്നീട്, ടെലിവിഷന്‍ പരിപാടികളിലും തിളങ്ങിനിന്ന സമയത്തായിരുന്നു അസുഖ ബാധിതയായത്.
നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം പിടിപെടുന്ന തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഫെബ്രൈല്‍ ഇന്‍ഫെക്ഷന്‍ റിലേറ്റഡ് എപ്പിലെപ്‌സി സിന്‍ഡ്രോമാണെന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കണ്ടെത്തി. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പെയിന്റിങ് തൊഴിലാളിയായിരുന്ന ചന്ദ്രബാബു ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post