നാല് നിപ കേസുകളിൽ രണ്ട് പേർ ചികിത്സയിലുള്ളവർ; മരിച്ച ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കം; ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു; സമീപ ജില്ലകളിലും ജാഗ്രത

കോഴിക്കോട്: പനി ബാധിച്ച് മരിച്ച രണ്ട് രോഗികൾ ഉൾപ്പെടെ ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദേശം. കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വച്ചാണ് സമ്പർക്കം ഉണ്ടായതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പ് അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ മൂന്ന് സാമ്പിളുകൾ പോസിറ്റിവാണ്. ഓഗസ്റ്റ് 30ന് മരിച്ച രോഗി ഉൾപ്പെടെ നിലവിൽ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

അതേസമയം, കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. ഈ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടർ‌ എ ഗീത അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം, വയനാട്, കണ്ണൂർ തുടങ്ങിയ അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധന ഫലം ലഭിച്ചത്. മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം ഇത് സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് രാത്രിയോടെ പുണെയിൽ നിന്നുള്ള ഫലം ലഭിച്ചതിന് ശേഷമായിരുന്നു സംസ്ഥാനം ഇക്കാര്യം സ്ഥിരീകരിച്ചത്.

also read- നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാഭ്യാസ മന്ത്രി

അതേസമയം, നിപ ബാധിച്ച് മരണപ്പെട്ട മംഗലാട് സ്വദേശി ഹാരിസിന് കടമേരി ജുമാമസ്ജിദിൽ കബറിടമൊരുക്കി. പരിശോധനാഫലം പുറത്തുവന്നതിനുപിന്നാലെ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കാനായി വിട്ടുനൽകിയത്.

കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വികെ പ്രമോദ്, ബിജു ജയറാം, പിഎസ് ഡെയ്സൺ, ഷമീർ, ഇൻസാഫ് എന്നിവരടങ്ങിയ സംഘം മൃതദേഹം ഏറ്റുവാങ്ങി കബറടക്കചടങ്ങുകൾക്കും നിപ പ്രോട്ടക്കോൾപ്രകാരം നേതൃത്വം നൽകി.

രാത്രി 12.30-ഓടെ ചടങ്ങ് പൂർത്തിയായി. കോഴിക്കോട്ട് ആദ്യം നിപ പൊട്ടിപ്പുറപ്പെട്ട സമയംമുതൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ഈ സംഘമാണ് സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നത്.

കണ്ടെയ്ൻമെന്റ് സോണുകൾ: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകൾ

Exit mobile version