തിരുവനന്തപുരം: ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയും സംഘപരിവാർ നേതാവുമായ പിപി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു.
ഹൈസ്‌കൂൾ പഠനകാലത്ത് തന്നെ ആർഎസ്എസിൽ ആകൃഷ്ടനായ പിപി മുകുന്ദൻ പിന്നീട് ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖ ബിജെപി നേതാവായിരുന്നു.
കണ്ണൂർ കൊട്ടിയൂർ സ്വദേശിയാണ്. കൊളങ്ങരയത്ത് പരേതരായ കൃഷ്ണൻ നായർ-കല്യാണിയമ്മ ദമ്പതികളുടെ മകനാണ്. മണത്തല യുപി സ്‌കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഹൈസ്‌കൂൾ പഠനകാലത്ത് മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.
ALSO READ- നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാഭ്യാസ മന്ത്രി
പിൽക്കാലത്ത് അടിയന്തരാവസ്ഥയുടെ സമയത്ത് 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അടിയന്തരാവസ്ഥ പിൻവലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും പ്രവർത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടി മുഖ്യധാര രാഷ്ട്രീയത്തിൽ സജീവമായി. ഇടക്കാലത്ത് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ശേഷം 2022ലാണ് തിരികെ എത്തിയത്.
Discussion about this post