നിപയെ നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളേജ് സജ്ജം; ഒരുക്കിയത് 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകളും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ രോഗ ബാധിതർക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ 75 ഐസൊലേഷൻ ബെഡുകളും ആറ് ഐസിയുകളും നാല് വെന്റിലേറ്ററുകൾ സജ്ജമായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പടെയുള്ളവർ കോഴിക്കോട് ക്യാംപ് ചെയ്താണ് സജ്ജീകരണങ്ങൾ വിലയിരുത്തുന്നത്.

കുഞ്ഞുങ്ങൾക്ക് ഐസൊലേഷൻ ആവശ്യമെങ്കിൽ അതിനുള്ള ക്രമീകരണങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാണ്. മെഡിക്കൽ കോളേജിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ലാബ് ഓപ്പറേറ്റർമാർ എന്നിവരെ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിൽ പരീക്ഷാ കഴിഞ്ഞ് പോയ പിജി സ്റ്റുഡന്റ്‌സിന്റെ വേക്കൻസിയുണ്ട്. അവിടേക്ക് ആളുകളെ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഹൈ റിസ്‌ക് സമ്പർക്കത്തിലുള്ളവരെയാണ്് ഐസൊലേഷൻ ചെയ്യുന്നത്. നിലവിൽ തയ്യാറാക്കിയ പട്ടികയ്ക്ക് പുറമെ വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. സമ്പർക്കമുണ്ടായ എല്ലാവർക്കും ഹോസ്പിറ്റലിൽ ഐസൊലേഷൻ വേണ്ട. രോഗ ലക്ഷണമില്ലാത്തവർക്ക് വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്യാമെന്നും മന്ത്രി അറിയിച്ചു.

ALSO READ- കോഴിക്കോട്ടെ പനി മരണം നിപയെന്ന് സ്ഥിരീകരിച്ചു; കേന്ദ്ര സംഘം കേരളത്തിലേക്ക്

കൂടാതെ സ്വയം ചകിത്സയ്ക്ക് മുതിരാതെ പനി ലക്ഷണമുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. ഐസിയു ആവശ്യമുള്ളവർക്കാണ് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുന്നത്.

നിപ പ്രോട്ടോക്കോൾ പ്രകാരം ഒരാൾക്ക് ഒരു മുറി, അതിലൊരു ബാത്ത്‌റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികൾ പരസ്പരം സമ്പർക്കത്തിൽ വരുന്നതും റിസ്‌കായതിനാലാണ് ഇത്. സ്വകാര്യആശുപത്രിയിലുള്ളവർക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.

Exit mobile version