തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ
കാറിടിച്ചു കൊലപ്പെടുത്തിയത് മനപ്പൂര്‍വമല്ലെന്ന് പ്രതി പ്രിയരഞ്ജന്‍. അപകടം മനപ്പൂര്‍വമല്ലെന്നും ആദിശേഖറിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പ്രിയരഞ്ജന്‍ പോലീസിന് മൊഴി നല്‍കി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രിയരഞ്ജന്‍ പോലീസിന് മൊഴി നല്‍കിയത്.
അതേസമയം, ഇന്ന് തെളിവെടുപ്പ് നടത്തിയ ശേഷം വൈകിട്ട് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറിനെ ആഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
സംഭവം അപകട മരണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പോലീസും അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം ഉപേക്ഷിച്ച് മുങ്ങിയതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി.
ആഗസ്റ്റ് 30-ന് കാറുമായി സ്ഥലത്തെത്തിയ പ്രതി ഏറെനേരം റോഡില്‍ വാഹനത്തില്‍ തന്നെ ഇരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിനിടെയാണ് കൂട്ടുകാരനുമായി ആദിശേഖര്‍ സൈക്കിളിലെത്തിയത്. തുടര്‍ന്ന് സൈക്കിളില്‍ കയറി ആദിശേഖര്‍ പോകാനൊരുങ്ങവെ കാര്‍ മുന്നോട്ടെടുക്കുകയും ആദിശേഖറിനെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ഏതാനും ദൂരം പിന്നിട്ടശേഷമാണ് ഇയാള്‍ വാഹനം നിര്‍ത്തിയത്.