‘തത്വമസി’: ശബരിമല ശ്രീകോവിലിന്റെ ചിത്രം കവര്‍ ചിത്രമാക്കി എംഎല്‍എ

തിരുവനന്തപുരം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രമാണ് എംഎല്‍എ കവര്‍ ചിത്രമായി പങ്കുവച്ചത്.

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് വിജയം നേടിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയായി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.

നിയമസഭയില്‍ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മന്‍ അഭിവാദ്യം ചെയ്തു

പ്രതിപക്ഷ ബെഞ്ച് ആവേശത്തോടെ ചാണ്ടി ഉമ്മനെ സ്വീകരിച്ചു. തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്റെ അരികിലാണ് ചാണ്ടി ഉമ്മന്റെ ഇരിപ്പിടം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ വിളക്ക് തെളിയിച്ചാണ് തിരുവനന്തപുരം പതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ചാണ്ടി ഉമ്മന്‍ ഇറങ്ങിയത്.

അപ്പയുടെ ഓര്‍മകള്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പഴവങ്ങാടി ആറ്റുകാല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, പാളയം മസ്ജിദിലും, സെന്റ് ജോര്‍ജ് പള്ളികളിലും കയറിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എത്തിയത്.

Exit mobile version