പത്തനംതിട്ട: ഒരു കതിര്‍മണ്ഡപത്തില്‍ രണ്ട് വിവാഹം നടന്നു. തന്റെ മകളുടെ വിവാഹത്തിനൊപ്പം ഒരു ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്തി ഒരു നാടിന് തന്നെ മാതൃകയായിരിക്കുകയാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ കെ.ആര്.പ്രകാശ്. മകള്‍ ആതിരയുടേയും അനന്തകൃഷ്ണന്റേയും വിവാഹത്തിനൊപ്പം ആദിവാസി വിഭാഗത്തില്‍പെട്ട സോമിനിയുടെ വിവാഹം കൂടി നടത്തിക്കൊടുത്തപ്പോള്‍ നാടൊന്നാകെ വധൂവരന്മാര്ക്ക് ആശംസകളുമായി എത്തി.
പ്ലാപ്പള്ളി ആദിവാസി ഊരിലെ ഓമനയുടെ മകള്‍ സോമിനിയും മഞ്ഞത്തോട് ആദിവാസി ഊരിലെ മാധവന്റെ മകന് രാജിമോനും തമ്മിലുള്ള വിവാഹമാണ് പ്രകാശിന്റെ മകള്‍ ആതിരയ്ക്കൊപ്പം ആഘോഷമായി നടന്നത്.
ആദിവാസി ഊരിനു പുറത്ത് ആദ്യം നടക്കുന്ന മാംഗല്യത്തിനു കൊട്ടും കുരവയും നാട്ടുകാരും സാക്ഷികളായി. മാമുക്കിലെ ഓഡിറ്റോറിയത്തിലേക്ക് ആദ്യം സ്വീകരിച്ചത് അനന്തകൃഷ്ണനെ. പിന്നാലെ രാജിമോനെയും പ്രകാശും ബന്ധുക്കളും ചേര്‍ന്നു സ്വീകരിച്ചു. ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹമാണ് ആദ്യം നടന്നത്. പിന്നാലെ സോമിനിയുടെയും രാജിമോന്റെയും വിവാഹത്തിനുള്ള ഒരുക്കം ആരംഭിച്ചു.
ഊരുമൂപ്പന് രാജുവിന്റെ കാര്‍മികത്വത്തില്‍ മലയ്ക്കു മുറുക്കാന്വച്ച് അഗ്നിശുദ്ധിയും മഞ്ഞള്ശുദ്ധിയും നടത്തിയാണ് താലി കൈമാറിയത്. വനത്തില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു ഇത് ഒരു പുതിയ അനുഭവമാണെന്ന് ആദിവാസി ഊരുമൂപ്പന് രാജുവ പറഞ്ഞു.
Discussion about this post