‘മറക്കുമാ നെഞ്ചം’ വിവാദം: ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ എന്ന് എആര്‍ റഹ്‌മാന്‍; ക്ഷമ ചോദിച്ച് സംഘാടകര്‍

ചെന്നൈ: മറക്കുമാ നെഞ്ചം സംഗീത പരിപാടി സംഘാടത്തിലെ പിഴവ് കാരണം വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് പരിപാടിയ്‌ക്കെതിരെ പരാതികളുമായി എത്തുന്നത്. ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് സംഗീത നിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍ പോലുമായില്ല എന്നാണ് പരാതി നിറയുന്നത്. സംഗീതപ്രേമികളില്‍ നിന്ന് പതിനായിരവും അയ്യായിരവും ഈടാക്കി സംഗീതനിശയെന്ന പേരില്‍ വലിയ കൊള്ളയാണ് റഹ്‌മാന്‍ നടത്തിയത് എന്നായിരുന്നു ആരോപണം.

ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസിലായിരുന്നു മറക്കുമാ നെഞ്ചം സംഗീത പരിപാടി നടന്നത്. അമ്പതിനായിരത്തോളം പേരാണ് മറക്കുമാ നെഞ്ചം സംഗീത പരിപാടി ആസ്വദിക്കാന്‍ പാലസിലെത്തിയത്. എന്നാല്‍ ഇത്രയും പേരെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കായില്ല. രൂക്ഷമായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുള്‍പ്പെടെ കുടുങ്ങി. തിരക്കിനിടയില്‍ സ്ത്രീകളെ അപമാനിക്കാന്‍ വരെ ശ്രമം നടന്നെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

തങ്ങള്‍ക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സഹിതമാണ് പലരും ആരോപണം ഉന്നയിച്ചത്. ’30 വര്‍ഷമായി എ ആര്‍ റഹ്‌മാനോട് ഉണ്ടായിരുന്ന ആരാധന ഇവിടെ അവസാനിച്ചു’- എന്നാണ് പരിപാടി കണ്ടിറങ്ങിയ ഒരു ആരാധകന്റെ പ്രതികരണമാണ് ഇത്.

ആഗസ്റ്റ് 12-നായിരുന്നു നേരത്തേ മറക്കുമാ നെഞ്ചം നടത്താനിരുന്നത്. ശക്തമായ മഴയേത്തുടര്‍ന്നാണ് പരിപാടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എസിടിസി ഇവന്റ്‌സിനായിരുന്നു സംഘാടനച്ചുമതല. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.


ആള്‍ക്കൂട്ടത്തില്‍ കുടുങ്ങി കുട്ടികള്‍ കരയുന്നതിന്റേയും മറ്റും വിഡിയോ പുറത്തുവരുന്നുണ്ട്. ചടങ്ങിനിടെ സീറ്റ് കിട്ടാത്തതില്‍ പരാതി ഉന്നയിച്ചപ്പോള്‍ സംഘാടകര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിനിടെ എആര്‍ റഹ്‌മാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

സംഭവത്തില്‍ പ്രതികരണവുമായി റഹ്‌മാന്‍ രംഗത്തെത്തി. ടിക്കറ്റെടുത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ടിക്കറ്റിന്റെ കോപ്പി അയച്ചു തരാനാണ് റഹ്‌മനാന്‍ ആവശ്യപ്പെട്ടത്. തന്റെ ടീം ഉടന്‍ ബന്ധപ്പെടുമെന്നും വ്യക്തമാക്കി.

അതിനിടെ പരിപാടിയിലുണ്ടായ എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘാടകര്‍ രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുക്കാനാവാതിരുന്നവരോട് ക്ഷമ ചോദിക്കുന്നതായും അവര്‍ എക്‌സില്‍ കുറിച്ചു.

Exit mobile version