കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് മരിച്ച സംഭവത്തില്‍ ആന്തരാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പോലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് സന്ദീപാണ് (2) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരിക്കേറ്റിട്ടില്ലെന്ന് മുക്കം സിഐ സുമിത്ത് കുമാര്‍ പറഞ്ഞു.
പൂര്‍ണ്ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ശ്വാസകോശ വാല്‍വിന് പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മാതാവ് കുട്ടിയെ ഉറക്കിയ ശേഷം കുളിമുറിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം.
കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് ജിന്‍സി പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.
തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയെങ്കിലും ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് അറിയിച്ചത്. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന മുറയ്ക്ക് വ്യക്തതയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Discussion about this post