തിരുവനന്തപുരം: വിവാഹത്തിന് നല്‍കിയ സ്ത്രീധനം കുടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട യുവതിയെയും കുടുംബക്കാരെയും മാനസികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെതിരെ കേസെടുത്തു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശിനി ഐശ്വര്യ (23)യുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവായ വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെല്ലിവിള കോട്ടേജില്‍ റോണി (28), ഇയാളുടെ രക്ഷിതാക്കള്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. 2022 ഒക്ടോബര്‍ 31നായിരുന്നു ഇരുവരും വിവാഹിതരായത്. സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും സബ്ഇന്‍സ്പെക്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്.
175 പവന്‍ സ്വര്‍ണവും 45 ലക്ഷം രൂപയും സ്ത്രീധനവും നല്‍കിയാണ് ഐശ്വര്യയുടെ വിവാഹം നടത്തിയത്. യുവതിയുടെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ഭൂമിയും വിറ്റ് അധികം സ്ത്രീധനം നല്‍കണമെന്നായിരുന്നു റോണിയുടെ ആവശ്യം.
വിവാഹത്തിന് ശേഷം യുവതിയുടെ രക്ഷിതാക്കളുടെ പേരില്‍ തമിഴ്നാട്ടിലുള്ള രണ്ടേക്കര്‍ ഭൂമി റോണിയുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐശ്വര്യയുടെ കുടുംബം ഇതിന് തയ്യാറാകാതിരുന്നതോടെ രണ്ട് മാസത്തിനുശേഷം യുവതിയെ വീട്ടില്‍ കൊണ്ടുവിട്ടു. ബന്ധം വേര്‍പിരിക്കുന്നതിനായി കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്.