തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.
‘ഉമ്മന്‍ചാണ്ടി സാര്‍ #മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം..;പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു’, എന്നാണ് ഷമ്മി തിലകന്‍ കുറിച്ചത്.
അതേസമയം, സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കപ്പെട്ടതെന്ന് സിബിഐ കണ്ടെത്തി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന നടന്നെന്നും കെ ബി ഗണേഷ് കുമാര്‍, ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ തുടങ്ങിയവരാണ് ഇതിന് പിന്നിലെന്നും സിബിഐ ശേഖരിച്ച മൊഴിയിലുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് ഗൂഡാലോചന വിവരങ്ങള്‍ സിബിഐ വിവരിച്ചിരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ, പരാമര്‍ശമോയില്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തി.
Discussion about this post