മലപ്പുറം: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ അർജന്റീന നേടിയ വിജയം ലോകം മുഴുവനുമുള്ള ആരാധകർ ആഘോഷിക്കുമ്പോൾ ആരവം മുഴക്കാൻ ടിവിക്ക് മുന്നിൽ റമിൽ സേവ്യറുണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ മെസിയുടെ ഗോളിൽ അർജന്റീന വിജയിക്കുമ്പോൾ തുവ്വൂരിലെ വീട്ടിൽ അന്ത്യനിദ്രയിലായിരുന്നു അർജന്റീനയുടെ കടുത്ത ആരാധകനായ റമിൽ.
അർജന്റീന പതാക പുതച്ചായിരുന്നു റമിലിന്റെ അന്ത്യയാത്ര. അത്രയേറെ അയാൾ അർജന്റീനൻ ഫുട്ബോളിനേയും ലയണൽ മെസിയെയും സ്നേഹിച്ചിരുന്നു. അസുഖം മൂർച്ഛിച്ച അവസ്ഥയിൽ കൂട്ടുകാരോട് അവസാന ആഗ്രഹമായി പറഞ്ഞത് ‘മരിച്ചാൽ, എന്റെ മൃതശരീരത്തിൽ അർജന്റീനയുടെ പതാക പുതപ്പിക്കണം’- എന്ന് മാത്രമായിരുന്നു.
രോഗം ഒടുവിൽ റമിലിന്റെ ജീവൻ കവർന്നപ്പോൾ കണ്ണീരോടെ കൂട്ടുകാർ റമിലിനെ യാത്രയാക്കിയത് ആഗ്രഹം പോലെ നീലയും വെള്ളയും വരകളുള്ള അർജന്റീനയുടെ പതാകയിൽ പുതപ്പിച്ചായിരുന്നു.
വീട്ടിൽ പൊതുദർശനത്തിന് വെച്ച റമിലിന്റെ ചേതനയറ്റ ശരീരത്തിൽ സുഹൃത്തുക്കൾ നിറകണ്ണുകളോടെ ആ പതാക പുതപ്പിക്കുകയായിരുന്നു. ഖത്തർ ലോകകപ്പ് കാലത്ത് റമിൽ വലിയ ആവേശത്തിലായിരുന്നു. ആദ്യകളി തോറ്റ ശേഷം അർജന്റീന വീരോചിതമായി പൊരുതിക്കയറിയ വേളകളിൽ റമിലും സുഹൃത്തുക്കളുമടങ്ങിയ ആരാധക സംഘം തുവ്വൂരിൽ ആഘോഷത്തിന്റെ മൂർദ്ധന്യത്തിലായിരുന്നു.
ഒടുവിൽ ലൂസൈൽ സ്റ്റേഡിയത്തിൽ ഇതിഹാസതാരം ലയണൽ മെസി ലോകകപ്പുയർത്തിയപ്പോൾ റമിൽ സേവ്യർ ഫേസ്ബുക്കിൽ കുറിച്ചത് ‘മെസ്സിയുടെ മാത്രമല്ല, എന്റെ ജീവിതവും പൂർണമായി. ഇനി ഞാൻ മരിച്ചാലും സങ്കടമില്ല’- എന്നായിരുന്നു. തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ സങ്കടക്കടലിലാഴ്ത്തിയാണ് വെള്ളിയാഴ്ച പുലർച്ചെ റമിൽ സേവ്യർ വിടവാങ്ങിയത്.
തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളിൽ സേവ്യറിന്റെയും സാറാമ്മയുടേയും മകനാണ് റമിൽ (42). മെസ്സിയുടെയും അർജന്റീനയുടെയും കടുത്ത ആരാധകനായിരുന്നു. വാഹനത്തിലും വീടിന്റെ ചുമരിലും നിറചിരിയോടെ നിൽക്കുന്ന മെസിയായിരുന്നു ആകർഷണം. ഖത്തർ ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീന ജഴ്സിയായിരുന്നു. അങ്ങേയറ്റത്തെ ആരാധനയാൽ റമിൽ വീട്ടിൽ വളർത്തുന്നത് പോലും വെള്ളയും നീലയും നിറമുള്ള പക്ഷികളെയും.
റിട്ട. അധ്യാപികയാണ് മാതാവ് സാറാമ്മ. അയർലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഏക സഹോദരൻ അവിടെവെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അവിവാഹിതനായ റമിൽ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.