രാത്രിയില്‍ വീടുകളില്‍ എത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കും, മോഷ്ടിച്ച ഫോണ്‍ മറിച്ച് വില്‍ക്കും’ ; ആലുവ കേസ് പ്രതിക്കെതിരെ കൂടുതല്‍ പരാതി

പല വീടുകളില്‍ എത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും മോഷ്ടിച്ച മൊബൈല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

കൊച്ചി: ആലുവയില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റല്‍ രാജിനെതിരെ കൂടുതല്‍ പരാതികള്‍. കൂടുതല്‍ കവര്‍ച്ചാ കേസുകളാണ് ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല വീടുകളില്‍ എത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും മോഷ്ടിച്ച മൊബൈല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

ആലുവ കേസിന് പിന്നാലെ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ വരുന്നത്. പെരുമ്പാവൂര്‍ പരിസരത്ത് രണ്ട് വീടുകളില്‍ നിന്ന് ക്രിസ്റ്റല്‍ രാജ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തീയതി വാഴക്കുളം കാനാംപറമ്പില്‍ സ്വദേശി പ്രദീപിന്റെ വീട്ടില്‍നിന്ന് രാത്രി മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു എന്ന പരാതിയാണ് ആദ്യം പോലീസിന് ലഭിക്കുന്നത്. രാത്രി ഒന്നരയോടെയാണ് സംഭവം.

പ്രദീപിന്റെ മകള്‍ ആതിര, ആതിരയുടെ ഭര്‍ത്താവ് ഉണ്ണി എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് കവര്‍ന്നത്. ജനല്‍ പാളികള്‍ തുറന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തൊട്ട് പിന്നാലെ സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിരുന്നു. അതും ഇയാള്‍ തന്നെയാകാം എന്നാണ് സംശയം.

ഇവരുടെ വീടിന്റെ സമീപത്തുള്ള സിസിടിവി പരിശോധിച്ചതില്‍ രാത്രി ഒരു മണിയോടെ ഒരാള്‍ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കി. ആലുവയിലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് വീട്ടില്‍ മോഷണം നടത്തിയ ആളുമായി സാമ്യം തിരിച്ചറിഞ്ഞ് പോലീസില്‍ പരാതി എത്തുന്നത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധനയും നടത്തി. ഇതുകൂടാതെ മറ്റൊരു പോക്‌സോ കേസും ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.

പുതിയ കേസുകളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പ്രതികരിച്ചു. വീടുകളില്‍ നിന്ന് മോഷ്ടിക്കുന്ന ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മറിച്ച് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. തിരുവനന്തപുരം സ്വദേശിയെങ്കിലും സ്ഥിരമായി എവിടെയും തങ്ങാതെ മോഷണം നടത്തി വരികയായിരുന്നു പ്രതി.

ക്രിസ്റ്റല്‍ രാജ് സ്ഥിരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പോക്‌സോ കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. ആലുവയിലെ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നത് തിങ്കളാഴ്ച അന്വേഷണസംഘം എറണാകുളം പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കും.

Exit mobile version