തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിക്ക് തടസം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം അര്‍ധസത്യം നിറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നാല്‍പത് ശതമാനം തുകയാണ് കേരളം നല്‍കുന്നത്. 170.59 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. ഇത് ലഭിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 97.89 കോടി രൂപയും നല്‍കണം. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിലും ഉച്ചഭക്ഷണം മുടങ്ങില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അരിയും ചെലവിന്റെ 60 ശതമാനവും തരേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പദ്ധതിയില്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) നിര്‍ബന്ധമാക്കിയ 2021– 22 മുതല്‍ കേന്ദ്രവിഹിതം അനുവദിക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതോടെ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളി ഓണറേറിയം എന്നിവ സമയബന്ധിതമായി നല്‍കാനാകുന്നില്ല.
രാജ്യത്ത് ഉച്ചഭക്ഷണപദ്ധതിക്ക് കേന്ദ്രവിഹിതമായി 10,000 കോടി ബജറ്റില്‍ വകയിരുത്തിയെങ്കിലും ആദ്യഗഡു വിഹിതമായ 60 ശതമാനം തുക അനുവദിച്ചത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിനു മാത്രമാണ് (156.58 കോടി രൂപ). കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. സംസ്ഥാന വിഹിതം 163.15 കോടിയടക്കം അടങ്കല്‍ തുക 447.46 കോടി. ഇതില്‍ ആദ്യ ഗഡു കേന്ദ്രവിഹിതമായി ലഭിക്കേണ്ടത് 170.59 കോടി. ഇത് ലഭിച്ചാല്‍ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപ ഉള്‍പ്പെടെ അനുവദിക്കാനാകും.