കോഴിക്കോട്: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അരങ്ങേറിയ ഹര്‍ത്താലിന്റെ ഭാഗമായി കോഴിക്കോട് മിഠായി തെരുവില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് അക്രമികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ പദ്ധതികളെ വിമര്‍ശിച്ച് രംഗത്തെത്തിയ പോലീസുകാരനെ തള്ളി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ചെറുക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നാല്‍പതംഗ സംഘത്തെ മിഠായിത്തെരുവില്‍ വിന്യസിച്ചിരുന്നു. കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ കുറവാണ് പോലീസുകാരനെ കഴിഞ്ഞ ദിവസം അത്തരത്തില്‍ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് കമ്മീഷ്ണര്‍ ചൂണ്ടിക്കാട്ടിയത്.
മിഠായി തെരുവില്‍ വലിയ രീതിയിലേക്ക് പോവുമായിരുന്ന സംഘര്‍ഷത്തെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞത് പോലീസിന്റെ ഇടപെടല്‍ മൂലമാണ്. കൃത്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. രാവിലെയും പ്രകടനം നടക്കുന്ന സമയത്തും സ്ഥലത്ത് താനുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല അത്യാവശ്യ ഘട്ടങ്ങളിലാണ് ക്രൈം ബ്രാഞ്ചില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സേവനം സേനയില്‍ ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ സ്ഥിരമായുള്ള നടപടി ക്രമീകരണങ്ങളെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ കടുത്ത ആരോപണം ഉയര്‍ത്തിയ പോലീസുകാരന് കൃത്യമായ ധാരണയുണ്ടാവാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, എന്താണ് പോലീസിങ് എന്ന് ആ ഉദ്യോഗസ്ഥന് അറിയില്ല, അദ്ദേഹം കാര്യം അറിയാതെ ആണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞപ്പോള്‍ വാഗ്ദാനം ചെയ്ത സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്നും അക്രമം ഉണ്ടാവാന്‍ കാരണം സിറ്റി പോലീസ് കമ്മീഷണറാണെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് ഫേയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാളിരാജ് മഹേഷ്‌കുമാറിന്റെ പ്രതികരണം.