കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഏറ്റവും അടുത്തയാളും മനസാക്ഷി സൂക്ഷിപ്പുകാരനെന്നു വിശേഷിപ്പിക്കുന്ന പി പുരുഷോത്തമന് പാലയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ആരോപണം. മുന്‍ യുവമോര്‍ച്ച നേതാവ് സിബി സാം തോട്ടത്തിലാണ് ആര്‍എസ്എസ് പ്രചാരകന് പുരുഷോത്തമനുമായി കൂടിക്കാഴ്ച്ച നടത്തേണ്ട എന്ത് സാഹചര്യമാണിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനുള്ളതെന്ന ചോദ്യവുമായി രംഗത്തെത്തിയത്.
രമേശ് ചെന്നിത്തലയും പുരുഷോത്തമനും ഒന്നിച്ചു നില്ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് സിബി സാം പോസ്റ്റിട്ടിരിക്കുന്നത്. ഡിസംബര്‍ 26 നു വൈകിട്ടാണ് ഈ ചിത്രം പുരുഷോത്തമന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും സംഘടനാപരമായോ വ്യക്തിപരമായോ പുരുഷോത്തമനുമായി ബന്ധപെടേണ്ട എന്ത് സാഹചര്യമാണ് ചെന്നിത്തലയ്ക്കുള്ളതെന്നും സിബി ചോദിക്കുന്നു.
‘കേരളത്തിലെ പല പ്രമുഖര്‍ക്കും അമിത്ഷായുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്ന ആളാണിദ്ദേഹം. കോട്ടയം പാലാ സ്വദേശിയായ ഇദ്ദേഹം ചെറുപ്പകാലത്ത് തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരകവൃത്തിക്കായി നിയോഗിക്കപ്പെട്ട ആളാണു. പൊതുരംഗങ്ങളില്‍ ഒന്നും തന്നെ നേരിട്ട് രംഗത്ത് എത്താത്ത ഇദ്ദേഹം ഓര്‍ഗ്ഗനൈസര്‍ എന്ന ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്റര്‍ കൂടി ആയിരുന്നു. നിലവിലെ സാഹചര്യത്തിലെ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യം ഉണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇയാള്‍ക്കൊപ്പം സുഹൃദത്തിന്റെ ഭാഗമായി ഒരു ഫോട്ടോ എടുക്കാനായി മാത്രം ചെന്നിത്തല ദല്‍ഹിക്ക് പോയി എന്ന് വിശ്വസിക്കാനാവില്ല. പ്രതിപക്ഷ നേതാവിന്റെ ഒഫീഷ്യല്‍ പേജില്‍ അടക്കം ഈ ദിവസങ്ങളിലെ ഡല്‍ഹി വിസിറ്റിനെ കുറിച്ച് സൂചനകളുമില്ല. ദിവസവും പങ്കെടുക്കുന്ന പരിപാടികളുടെ ലൈവോ ഫോട്ടോയോ കൃത്യമായി പോസ്റ്റ് ചെയ്യാറുള്ള ചെന്നിത്തലയുടെ പേജില്‍ അന്ന് ആകെ ഉള്ളത് വനിതാ മതിലിനെ ആക്ഷേപിച്ചുള്ള ഒരു കുറുപ്പ് മാത്രമാണ്’ എന്നും സിബി പറയുന്നു.
അതേസമയം, സിബിയുടെ കുറിപ്പിന് താഴെ കോണ്‍ഗ്രസ് ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തെറിവിളിയും പൊങ്കാലയും യഥേഷ്ടം നടക്കുന്നുണ്ട്. അതിനേയും സിബി തന്റെ പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റിന്റെ കമന്റ് ബോക്സില്‍ എന്താണ് ഇത്രയധികം പൊങ്കാലയെന്ന് അമ്പരക്കുകയാണ് സോഷ്യല്‍മീഡിയ.
Discussion about this post