ഒറ്റപ്പാലം: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി- എസ്എംഎ എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച പാലക്കാട്ടെ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന്റെ ആരോഗ്യനിലയില്‍ പുരോഗതി. നിര്‍വാണിന് സ്വന്തമായി തന്ന് ഇരിക്കാനാവുന്നുണ്ട്. മരുന്ന് നല്‍കിയ ശേഷം നിര്‍വാണിന്റെ ആരോഗ്യത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് കുടുംബം അറിയിച്ചു.
നിര്‍വാണിന്റെ കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില മാറ്റങ്ങളുണ്ടെന്നും എന്നാല്‍ ഇതില്‍ പേടിക്കേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാരുടെ പ്രതികരണം. ചികിത്സയുടെ ഭാഗമായിട്ടുളള മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. നല്‍കിയ മരുന്നിന്റെ ഫലമറിയാന്‍ മൂന്നുമാസം മുതല്‍ ആറുമാസം വരെ സമയമെടുക്കും.
നിര്‍വാണിന്റെ ചികിത്സ ആരംഭിച്ച് 3 മാസമായി. ഇപ്പോള്‍ തന്നെ ശ്രദ്ധേയമായ പുരോഗതിയുണ്ട്. ഈ പോസിറ്റീവ് സംഭവവികാസങ്ങള്‍ അവന് ലഭിച്ച മരുന്നിന്റെയും പരിചരണത്തിന്റെയും തെളിവാണ്. അവന്‍ ആദ്യ ചുവടുകള്‍ വയ്ക്കുന്ന ദിവസത്തിനായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ്. നിര്‍വാണിന് ഫിസിയോതെറാപ്പിയും പുരോഗമിക്കുന്നുണ്ടെന്നും കുടുംബം അറിച്ചു.
ഈ വര്‍ഷം ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് അപൂര്‍വ്വരോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും കുഞ്ഞ് നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിരുന്നില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് നിര്‍വാണിന്റെ കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
മുംബൈയില്‍ എഞ്ചിനീയര്‍മാരാണ് സാരംഗിന്റെ മാതാപിതാക്കളായ അദിതിയും സാരംഗും. പാലക്കാട് കുറ്റനാട് സ്വദേശിയാണ് സാരംഗ്. മകന് എസ്എംഎ സ്ഥികരീച്ചതോടെ ജോലിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്.
ഒറ്റത്തവണയായി നല്‍കുന്ന 17.4 കോടി രൂപയുടെ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യമായിരുന്നത്. അമേരിക്കയില്‍ നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. ഇതിനായി ഇരുവരും സുമനുസുകളുടെ സഹായം തേടിയിരുന്നു. നിര്‍വാണിനായി സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. മാത്രമല്ല 11 കോടി രൂപ അജ്ഞാത വ്യക്തി അടക്കം സംഭാവന ചെയ്തതോടെ വളരെ വേഗത്തില്‍ തന്നെ കുഞ്ഞിന് മരുന്ന് നല്‍കാനായി.
ജനുവരി മാസത്തോടെ 1.33 കോടി രൂപയാണ് നിര്‍വാണിന്റെ അക്കൗണ്ടിലെത്തിയത്. തുടര്‍ന്ന് ഫെബ്രുവരിയോടെ മുഴുവന്‍ പൈസയും സ്വരൂപിക്കുകയും മരുന്ന് വരുത്തുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.