ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ റോഡരികില്‍ കിടന്ന് 69കാരന്‍, കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റ് വാഹനങ്ങള്‍; ഒടുവില്‍ രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍! മാതൃക

എറണാകുളത്ത് നിന്ന് പൂപ്പാറ വഴി നെടുങ്കണ്ടത്തേക്ക് വന്ന നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ്.റോയ്, കണ്ടക്ടര്‍ രാജന്‍ എന്നിവരാണ് അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.

ഇടുക്കി: വാഹനാപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരനെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാതൃകയായി. ചൊവ്വാഴ്ച രാത്രിയില്‍ ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ അപകടത്തില്‍ പെട്ടുകിടന്ന മുണ്ടിയെരുമ സ്വദേശി ചന്ദ്രമോഹനെയാണ് (69) ബസ് ജീവനക്കാര്‍ രക്ഷിച്ചത്.

ഏഴുമണിയോടെ ചതുരംഗപാറയിലെ ഏലത്തോട്ടത്തിന് സമീപമാണ് സംഭവം. എറണാകുളത്ത് നിന്ന് പൂപ്പാറ വഴി നെടുങ്കണ്ടത്തേക്ക് വന്ന നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ്.റോയ്, കണ്ടക്ടര്‍ രാജന്‍ എന്നിവരാണ് അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്.

ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരുക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്നു ചന്ദ്രമോഹന്‍. ഇത് ശ്രദ്ധയില്‍പെട്ട ബസ് ജീവനക്കാര്‍ ഉടനെ മറ്റ് വാഹനങ്ങള്‍ക്ക് കൈ കാണിച്ച് നിര്‍ത്തിച്ചെങ്കിലും ആരും തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല.

തുടര്‍ന്ന് നിറയെ ആളുകളുള്ള കെഎസ്ആര്‍ടിസി ബസില്‍ തന്നെ ഉടുമ്പന്‍ചോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ തലയ്ക്ക് പരുക്കുള്ളതിനാല്‍ ഇവിടെ നിന്ന് ആംബുലന്‍സില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Exit mobile version