കൊച്ചി: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനരയാക്കിയ കേസിൽ ാേപാലീസ് തിരയുന്ന പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നു സൂചന. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് പോലീസിന് സൂചന ലഭിച്ചത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ ഈ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. മുൻപും മൊബൈൽ ഫോൺ മോഷണം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായാണു വിവരം. ഇന്ന് പുലർച്ചെ ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്.
ബിഹാർ സ്വദേശികളുടെ മകളെ ഉറങ്ങിക്കിടക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വവിരം. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.