ആലുവയിൽ തട്ടിക്കൊണ്ടു പോയ എട്ട് വയസുകാരിയെ കണ്ടെത്തിയത് വയലിൽ ചോരയൊലിച്ച നിലയിൽ; പെൺകുട്ടി ചികിത്സയിൽ, പ്രതി മലയാളിയെന്ന് സൂചന; തിരച്ചിൽ

കൊച്ചി: വീണ്ടും നാടിനെ നടുക്കി ആലുവയിൽ പിഞ്ചു ബാലികക്ക് നേരെപീഡനം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു. അതിഥി തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയാക്കി വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസിയാണ് നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയത്. തുടർന്ന് സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ചോരയൊലിച്ച നിലയിലാണ് തിരച്ചിൽ നടത്തിയ നാട്ടുകാർ കുഞ്ഞിനെ ആദ്യം കണ്ടത്. പോലീസ് സഹായത്തോടെ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ തിരിച്ചറിഞ്ഞെന്നും ആലുവ റൂറൽ എസ്പി പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. മലയാളിയാണ് പ്രതിയെന്നാണ് വിവരം. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും സൂചനയുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊബൈൽ സിഗ്നലുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ബിഹാർ സ്വദേശികളുടെ മകളാണ് പീഡനത്തിനിരയായ എട്ടുവയസുകാരി. കുട്ടിയും സഹോദരങ്ങളും അമ്മയും മാത്രം വീട്ടിൽ ഉള്ളപ്പോഴാണ് സംഭവം നടന്നതെന്നാണ് സൂചന. കുട്ടിയുടെ അച്ഛൻ തിരുവനന്തപുരത്തായിരുന്നു എന്നാണ് വിവരം.

ALSO READ- ആലുവയില്‍ വീണ്ടും ക്രൂരത: വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പരിക്കേറ്റ് കുട്ടിയെ സമീപത്തെ ചാത്തൻപാറ പാടത്ത് നിന്നാണ് കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്നാണ് പോലീസിന് ലഭിച്ച ദൃക്‌സാക്ഷി മൊഴി. ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്നും ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. ഒരു മൊബൈൽ ഫോണും വീട്ടിൽ നിന്നും മോഷണം പോയിട്ടുണ്ട്. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് എന്നും എംഎൽഎ പ്രതികരിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് ആളെ കണ്ടാൽ തിരിച്ചറിയുമെന്നാണ് പോലീസ് പറയുന്നത്. തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

Exit mobile version