തിരുവന്തപുരം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ഏത് സ്ഥാനാർത്ഥി വിജയിച്ചാലും ഭൂരിപക്ഷം വളരെ കുറവായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വോട്ട് വാങ്ങിയാൽ മാത്രമാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുകയെന്നും ഗോവിന്ദൻ പറഞ്ഞു.
പുതുപ്പള്ളിയിൽ ഏത് സ്ഥാനാർഥി ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടത് സർക്കാറിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകും ഉണ്ടാവുകയെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളിയിൽ നിന്നുള്ള എംഎൽഎയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 72.91 ശതമാനമായിരുന്നു പോളിങ്. 2021ൽ 74.84 ശതമാനമായിരുന്നു പോളിങ്.
അതേസമയം പ്രമുഖരെല്ലാം എത്തി ആവേശ പ്രചാരണം നടന്നിട്ടും രണ്ട് ശതമാനത്തോളം പോളിങ് കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയായി. ആകെ 1,76,412 വോട്ടർമാരിൽ 1,28,624 പേർ വോട്ട് ചെയ്‌തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പറയുന്നത്.
Discussion about this post