തിരുവനന്തപുരം: തിരുവനന്തപുരത്ത് മരണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അമ്പത്തിയഞ്ചുകാരന്‍ ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. കാട്ടാക്കട തൂങ്ങാംപാറ പൊറ്റവിളയില്‍ ജലജന്‍ ആണ് മരിച്ചത്.
സംഭവത്തില്‍ അടുത്ത ബന്ധുക്കളായ സുനില്‍കുമാര്‍, സഹോദരന്‍ സാബു എന്നിവര്‍ അറസ്റ്റിലായി. സുനില്‍ കുമാറും സാബുവും ജലജനും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ജലജന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
also read: നായയുടെ കടിയേറ്റ വിവരം വീട്ടുകാരെ ഭയന്ന് മറച്ചുവെച്ചു, 14കാരന് പേവിഷ ബാധയെ തുടര്‍ന്ന് ദാരുണാന്ത്യം
ചൊവ്വാഴ്ച വൈകീട്ട് നാലോടെ അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനു എത്തിയതായിരുന്നു ഇവര്‍. ഇവിടെനിന്നു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം റോഡില്‍വെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
തുടര്‍ന്ന് അടിപിടിയാകുകയും സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പെടെ ഇടിക്കുകയുമായിരുന്നു.സമീപത്തപുണ്ടായിരുന്നവരാണ് വിവരം പോലീസില്‍ അറിയിച്ചത്.
കാട്ടാക്കട പൊലീസ് എത്തിയാണ് ചോരവാര്‍ന്ന് റോഡില്‍ കിടന്ന ജലജനെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സുനില്‍കുമാര്‍ കാട്ടാക്കട സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സാബുവിനെ കുരവറയിലെ ഭാര്യവീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
Discussion about this post