തിരുവനന്തപുരം: ഇതുവരെയുള്ള റെക്കോർഡ് തിരുത്തി കെഎസ്ആർടിസിക്ക് പുതിയ റെക്കോർഡ് കളക്ഷൻ. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപയുടെ കളക്ഷൻ. ഇതോടെ ജനുവരി 16 ലെ റെക്കോർഡ് ആണ് തിരുത്തപ്പെട്ടത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 രൂപ ആയിരുന്നു. കഠിനധ്വാനം ചെയ്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ സമ്മാനിച്ച ജീവനക്കാരെ കെഎസ്ആർടിസി എംഡി അഭിനന്ദിച്ചു.
തെക്കൻ മേഖലയിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. അതേസമയം കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. നവീകരിച്ച ബുക്കിങ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പുതിയ ദീർഘദൂര ബസുകളെല്ലാം സ്വിഫ്റ്റിനാണ് നൽകുന്നത്. കെഎസ്ആർടിസി പുതിയ ബസുകൾ ഇറക്കാത്തതിനാൽ ദീർഘദൂര സർവീസുകൾ കുറഞ്ഞുവരികയാണ്.
നിലവിൽ ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുളള ലിങ്ക് ടിക്കറ്റ് സംവിധാനം വെബ്‌സൈറ്റിലുണ്ട്. ഇനി http://onlineksrtcswift.com എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയാം.
നേരത്തെ http://online.keralartc.com വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. വെബ്‌സൈറ്റ് മാറ്റത്തിനെതിരെ കോൺഗ്രസിന് കീഴിലുള്ള തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post