കൊച്ചി: നഴ്‌സിങ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഞെട്ടൽമാറാതെ പെരുമ്പാവൂർ. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വിനെയാണ് വീട്ടിൽ കയറി യുവാവ് മാരകമായി വെട്ടി പരിക്കേൽപ്പിച്ചത്. ഇരിങ്ങോൾ സ്വദേശി എൽദോസാണ് പെൺകുട്ടിയെ ആക്രമിച്ചത്.
അൽക്കയ്ക്ക് എതിരായ ആക്രമണം തടയുന്നതിനിടെ അൽക്കയുടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അൽക്കയുടെ മുത്തച്ഛൻ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും വെട്ടേറ്റത്. നിലവിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ബന്ധുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കൃത്യം നടത്തിയശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട എൽദോസിനെ പിന്നീട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആയുധവുമായി അൽക്കയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ അതിക്രൂരമായി വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.
പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു പ്രതി എൽദോസ്. കോലഞ്ചേരിയിൽ നഴ്‌സിങ് വിദ്യാർഥിനിയായ അൽക്കയുമായി എൽദോസിന് മുൻപരിചയുമുണ്ട്. അടുത്തിടെ ഇവർ തമ്മിൽ അകൽച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പോലീസ് നൽകുന്ന സൂചന.