ആലപ്പുഴ: വിദേശത്തേക്ക് പോകാൻ മടിച്ച് യുവാവ് മെനഞ്ഞുണ്ടാക്കിയ കഥ കാരണം വലഞ്ഞത് പോലീസ്. പാസ്പോർട്ട് കവർച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു യുവാവ് പോലീസിനോടടക്കം കള്ളം പറഞ്ഞത്. വിവാഹം കഴിഞ്ഞ് അധികനാൾ ആയിട്ടില്ലാത്തതിനാൽ വിദേശത്തേക്ക് തനിച്ച് പോകുന്നതിൽ മടി തോന്നിയാണ് യുവദമ്പതികൾ കവർച്ചക്കഥ തട്ടിക്കൂട്ടിയത്.
ബൈക്കിൽ വന്ന രണ്ടുപേർ മാലപൊട്ടിക്കുന്നതിനിടെ പാസ്‌പോർട്ട് ഉൾപ്പടെയുള്ള ബാഗ് കവർന്നെന്നായിരുന്നു ഇവരുടെ പരാതി. ഇതുവിശ്വസിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചു. ഒടുവിൽ സംശയം തോന്നിയ പോലീസ് സ്വരം കടുപ്പിച്ചതോടെ കള്ളക്കഥ പൊളിയുകയായിരുന്നു.
അടുത്തിടെ വിവാഹം കഴിഞ്ഞവരാണ് പരാതിക്കാരിയായ യുവതിയും യുവാവും. യുവാവ് വ്യാഴാഴ്ച വിദേശത്തേക്ക് പോകാനിരിക്കുകയാണ്. എന്നാൽ അതിന് താത്പര്യമില്ലാത്തതിനാൽ തിങ്കളാഴ്ച വൈകിട്ടോടെ പാസ്‌പോർട്ടടക്കം മോഷ്ടിക്കപ്പെട്ടെന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
ആലപ്പുഴ നഗരത്തിൽ വെച്ചായിരുന്നു സംഭവമെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് പോലീസ് എത്തി അന്വേഷണവും ആരംഭിച്ചു. നഗരത്തിൽ പിടിച്ചുപറിയും മാലപൊട്ടിക്കൽ ശ്രമവും നടന്നെന്നാണ് പോലീസിന് കിട്ടിയ വിവരം.
യുവതിയും യുവാവും സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം. ഇരുമ്പുപാലത്തിനു സമീപം വെച്ച് തന്റെ മാലപൊട്ടിക്കാൻ ബൈക്കിൽവന്ന രണ്ടുപേർ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തങ്ങളുടെ സ്‌കൂട്ടറിനു കുറുകെ ബൈക്ക് നിർത്തിയ, മുഖാവരണവും ഹെൽമെറ്റും ധരിച്ചവരാണ് കവർച്ചക്കാർ എന്നും യുവതി പറയുകയായിരുന്നു.
മാലപൊട്ടിക്കാൻ ശ്രമിച്ചയാളെ തന്റെ ബാഗ് ഉപയോഗിച്ച് അടിച്ചപ്പോളാണ് ബാഗ് തട്ടിയെടുത്ത് ബൈക്കുകാർ കടന്നതെന്ന് യുവതി പോലീസിനോടു പറഞ്ഞിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെയടക്കം സിസിടിവി ക്യാമറകൾ പോലീസ് നനിരീക്ഷിച്ചു. എട്ട് സിസിടിവി ക്യാമറകളാണ് നിരീക്ഷിച്ചത്. ഈ ദൃശ്യങ്ങളിൽ യുവതിയും യുവാവും സ്‌കൂട്ടറിൽ പോകുന്നത് വ്യക്തമായിരുന്നു. എന്നാൽ പിടിച്ചുപറി സംഘത്തെ ഒരു സിസിടിവിയിലും കണ്ടെത്താനായില്ല.
നഗരത്തിൽ നടന്ന സംഭവമായത് കൊണ്ട് തന്നെ ആളുകളോട് പൊലീസന്വേഷിച്ചെങ്കിലും അത്തരം സംഭവം കണ്ടതായോ ശ്രദ്ധയിൽപ്പെട്ടതായും ആരും പറഞ്ഞതുമില്ല. തുടർന്ന് പോലീസിന് ദമ്പതിമാരിൽ തോന്നിയ സംശയമാണ് കള്ളക്കഥ പൊളിച്ചത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഇരുവരോടും ചൊവ്വാഴ്ച സ്റ്റേഷനിൽ വരണമെന്ന് നിർദേശം നൽകി പോലീസ് ഇരുവരേയും വിട്ടയയ്ക്കുകയായിരുന്നു.