കൊച്ചി: എറണാകുളത്ത് വന്‍ മയക്കുമരുന്ന് ഉപയോഗം. ഇതോടെ മയക്കു മരുന്നിനെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്. പെരുമ്പാവൂരും ആലുവയിലും ഇന്നലെയും ഇന്നുമായി നടത്തിയ റെയ്ഡില്‍ രാസലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളടക്കം പോലീസ് കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
മയക്ക് മരുന്ന് പിടികൂടുന്നതിന് പോലീസ് നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍ നിന്നുമാണ് നിരവധി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 300ലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. ലഹരി വസ്തുക്കള്‍ വിറ്റ് കിട്ടിയ വകയില്‍ ഇരുപത്തിമൂവായിരത്തോളം രൂപയും പോലീസ് കടകളില്‍ നിന്ന് കണ്ടെടുത്തു. ആലുവയില്‍ നിന്നാണ് രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ പിടികൂടിയത്.
ആലുവ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും മയക്കുമരുന്നു പിടികൂടാന്‍ പ്രാഗത്ഭ്യം നേടിയ നാര്‍ക്കോട്ടിക്ക് സ്‌നിഫര്‍ ഡോഗിന്റെ സഹായത്തോടെയാണ് പോലീസ് പരിശോധന നടത്തിയത്. ആലുവയിലും പരിസരങ്ങളിലും നിരോധിത ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതും ഇതിന്റെ ഭാഗമായി കുറ്റകൃത്യങ്ങള്‍ കൂടിവരുന്നതിനുമെതിരെ പരാതികള്‍ ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പ്രത്യേക പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഇവര്‍ക്ക് ഇത് നല്‍കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.