മൂവാറ്റുപുഴ: മകന്റെ കല്യാണത്തിന് 200ഓളം മദ്രസ വിദ്യാര്‍ഥികള്‍ക്ക് സദ്യ വിളമ്പി
പായിപ്ര ഇടശ്ശേരിക്കുടി കരുണാകരന്. മകളുടെ വിവാഹത്തിനും വീട്ടിലെ വിശേഷങ്ങള്‍ക്കെല്ലാം തൊട്ടടുത്തുള്ള മദ്റസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കരുണാകരന് നല്‍കാറുണ്ട്.
പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദിന്റെയും മുനവ്വിറുല് ഇസ്ലാം മദ്റസയുടെയും അയല്‍വാസിയായ കരുണാകരന്റെ മകന് മനോജിന്റെയും ഞാറക്കാട് സ്വദേശിനി അനിതയുടെയും വിവാഹം ഞായറാഴ്ചയായിരുന്നു. വിവാഹത്തിന് മദ്റസയില്‍ നിന്ന് ക്ലാസ് കഴിഞ്ഞെത്തിയ 200ഓളം വിദ്യാര്‍ഥികളെ കരുണാകരന് ആദ്യപന്തിയില്‍ തന്നെ ഇരുത്തി സദ്യ വിളമ്പി.
വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ തിരക്കുകള്‍ക്കിടയിലും കരുണാകരന് കാത്തുനിന്നു. വിഭവസമൃദ്ധമായ സദ്യവിളമ്പിയും ഊട്ടിയും കുട്ടികളെ സന്തോഷിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് മകള്‍ മഞ്ജുഷയുടെ വിവാഹത്തിനും വിദ്യാര്‍ഥികള്‍ക്ക് ഇദ്ദേഹം സദ്യ ഒരുക്കിയിരുന്നു. വീട്ടിലെ വിശേഷങ്ങള്‍ക്കെല്ലാം തൊട്ടടുത്തുള്ള മദ്റസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുക കരുണാകരന്റെയും ഭാര്യ ഷൈലയുടെയും പതിവാണ്.
പായിപ്ര സെന്‍ട്രല്‍ ജുമാമസ്ജിദില്‍ എത്തി ഇമാമിനെക്കൊണ്ട് പ്രാര്ഥിപ്പിക്കാറുമുണ്ട്. ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കരുണാകരന് ചെറുവട്ടൂരില്‍ കാര്‍പെന്റര്‍ വര്‍ക്ക്ഷോപ് നടത്തുകയാണ്.
വിദ്യാര്‍ഥികള്‍ മഹല്ല് പ്രസിഡന്റ് എം.എ. മുഹമ്മദ്, സെക്രട്ടറി പി.വി. ഹസന്, മദ്റസ സെക്രട്ടറി ഇ.പി. അബൂബക്കര്‍, ഇമാം സിദ്ദീഖ് റഹ്മാനി, അധ്യാപകന് അന്‍ഷാദ് ബാഖവി എന്നിവര്‍ക്കൊപ്പമാണ് സമീപത്തെ ഹാളിലേക്ക് എത്തിയത്.
Discussion about this post