ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറി, അമ്മയെ ടിടിഇ പുറത്താക്കി; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് മകള്‍! സംഭവം തിരൂരില്‍

മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിയിലാണ് സംഭവം.

മലപ്പുറം: തീവണ്ടിയില്‍ നിന്നും ടിടിഇ പുറത്താക്കിയ വയോധികയായ അമ്മയെ കണ്ടെത്തുന്നതിനായി സഹയാത്രികരുടെ സഹായത്തോടെ മകള്‍ ചങ്ങല വലിച്ചു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിയിലാണ് സംഭവം. കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരിലാണ് യുവതി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്.

കഞ്ചിക്കോട് സ്വദേശികളായ അമ്മയും അവരുടെ മക്കളും കോഴിക്കോടു നിന്നാണ് നാട്ടിലേക്ക് വരുന്നതിനായി ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ വലിയ തിരക്കായതിനാല്‍ ഇവര്‍ കയറിയത് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു. ഈ കുടുംബം ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ സ്ഥലമില്ലാത്തതിനാല്‍ ഇങ്ങനെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്നത്.

ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ ടി.ടി.ഇ പരിശോധനക്കായി എത്തി. ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവരോട് അടുത്ത സ്റ്റേഷനായ കുറ്റിപ്പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കുറ്റിപ്പുറത്ത് എത്തിയപ്പോള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ല. ഇതിനിടെയാണ് കഞ്ചിക്കോട് സ്വദേശിനിയായ വയോധികയെയും മറ്റു സഹയാത്രികരെയും ടി.ടി.ഇ. ബലം പ്രയോഗിച്ച് ഇറക്കിവിട്ടത്. എന്നാല്‍ വയോധികയുടെ മകള്‍ ഇതിനിടെ തീവണ്ടിയില്‍ തിരികെ കയറിപ്പറ്റി.

പിന്നീട് കുറ്റിപ്പുറം വിട്ടതിനുശേഷം അമ്മയെ കണ്ടതുമില്ല. ഇതോടെ ബഹളംവെച്ച യുവതി സഹയാത്രികരുടെ സഹായത്തോടെ എടച്ചലത്ത് വെച്ച് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍പ്പാളത്തിലൂടെ രണ്ട് കിലോമീറ്ററിലധികം രാത്രിയില്‍ നടന്നാണ് യുവതി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അമ്മയുടെ അടുത്ത് എത്തിയത്.

അതേസമയം, ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരോട് ടിടിഇ മോശമായി പെരുമാറിയെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് സ്വീകരിച്ചതെന്നും ആരോപിച്ച് അമ്മയും മകളും കുറ്റിപ്പുറം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കി.

Exit mobile version