കുന്ദമംഗലം: കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ കൈയ്യൊടിഞ്ഞ വിദ്യാര്‍ഥിനിയ്ക്ക് ചികിത്സാ സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പാലിക്കാതെ കോഴിക്കോട് കുന്ദമംഗലം പഞ്ചായത്ത്.
കാരന്തൂര്‍ സ്വദേശിനി ദിയ അഷ്റഫിനാണ് കേരളോത്സവത്തിനിടെ പരിക്കേറ്റത്. സംഘാടനത്തിലെ പിഴവ് മൂലം 19 വയസുള്ള ദിയ മല്‍സരിച്ചത് 39 വയസുകാരിയുമായായിരുന്നു. ദിയയുടെ കൈയ്യിന്റെ ചലന ശേഷി പൂര്‍ണ്ണമായും വീണ്ടെടുക്കാനായിട്ടില്ല.
കുന്ദമംഗലം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടെ ഉണ്ടായ അപകടമാണ് മൗണ്ടന്‍ സൈക്കിളിങ്ങിലെ ജില്ലാ ചാമ്പ്യനായ സ്കൂളിലെ സ്പോര്‍ട്സ് താരമായിരുന്ന ദിയയുടെ ജീവിതം മാറ്റിമറിച്ചത്.
അപകടം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പേന പിടിച്ചെഴുതാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് പെണ്‍കുട്ടി നേരിടുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ആറു ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രി വാസത്തിന് പിന്നാലെ രണ്ടുമാസത്തോളം വിശ്രമത്തിലായിരുന്നു. ദിവസം 500 രൂപ ചെലവില്‍ ഫിസിയോ തെറാപ്പിയും ചെയ്യേണ്ടി വന്നു.
അപകടം നടന്ന ശേഷം പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞ് നോക്കാതെ വന്നതോടെ ചികിത്സാചെലവ് താങ്ങാനാവാതെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദിയയുടെ ഉമ്മ ഷാജിറ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ അനുകൂല നടപടിയുണ്ടായി. നഷ്ടപരിഹാരം നല്കാന് ഉത്തരവും. അതുകഴിഞ്ഞ് ആറുമാസമായിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുമായി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പ്രതികാര മനോഭാവത്തോടെയായിരുന്നു പഞ്ചായത്തിന്റെ പെരുമാറ്റമെന്ന് ദിയയുടെ മാതാവ് ഹാജിറ പറയുന്നു. സര്‍ക്കാരിലേക്ക് അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചതെന്നും ഹാജിറ പറയുന്നു.
എന്‍സിസി കേഡറ്റായ ദിയയ്ക്ക് പട്ടാളത്തില്‍ ചേരണമെന്നാണ് ആഗ്രഹം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കണം. എല്ലുകള്‍ കൂടിച്ചേര്‍ന്ന ശേഷം കൈയ്യിലിട്ട കമ്പി എങ്ങനെയെങ്കിലും മാറ്റണമെന്നാണ് ദിയയുടെ ആഗ്രഹം. ആ സര്‍ജറിക്ക് മുമ്പെങ്കിലും അവകാശപ്പെട്ട പണം പഞ്ചായത്ത് ഉടന്‍ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തുടര്‍ ചികിത്സ ചികിത്സാസഹായം ലഭിക്കാതെ മുന്നോട്ടുപോകില്ല.
Discussion about this post