ലഖ്‌നൗ: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ സുഹൃത്ത് വിനയ് ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. വികാസ് കിഷോറിന്റെ പിസ്റ്റളില്‍ നിന്നാണ് വെടിയേറ്റത്. കൊലയ്ക്ക് കാരണം വാക്കുതര്‍ക്കമെന്നും സൂചനയുണ്ട്.
സംഭവസ്ഥലത്തു നിന്നും കിട്ടിയ തോക്ക് മകന്റെ പേരിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി, സംഭവ സമയത്ത് മകന്‍ സ്ഥലത്തില്ലായിരുന്നെന്നും മന്ത്രി പറയുന്നു. ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് പിസ്റ്റള്‍ കണ്ടെത്തിയതിനു പിന്നാലെ പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണ്. പ്രദേശത്തെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. വികാസ് ശ്രീവാസ്തവയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനയ്‌യുടെ തലയ്ക്കാണ് വെടിയേറ്റത്. രാത്രിയില്‍ വിനയ്‌യ്‌ക്കൊപ്പം ആറ് പേരുണ്ടായിരുന്നു. മന്ത്രിയുടെ വീട്ടില്‍ വച്ച് അവരൊന്നിച്ചാണ് അത്താഴം കഴിച്ചത് എന്നും പോലീസ് പറഞ്ഞു.
പുലര്‍ച്ചെ നാല് മണിയോടെയാണ് വികാസിന് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് മകന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും അയാള്‍ ഇന്നലെ ഡല്‍ഹിയിലായിരുന്നെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വിനയ് തനിക്കും കുടുംബത്തിനും വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു. വിനയ്‌യുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ പ്രതികരിച്ചു.