പള്ളിക്ക് സമീപം ഓട്ടോ നിര്‍ത്തി നിസ്‌കരിക്കാന്‍ പോയി, തിരിച്ച് വന്നപ്പോള്‍ ഓട്ടോയില്ല! അന്വേഷണത്തില്‍ പിടിയിലായത് യുപി സ്വദേശി, സംഭവം കോഴിക്കോട്

പുതിയപാലം പള്ളിക്ക് സമീപത്ത് നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പുതിയപാലം പള്ളിക്ക് സമീപത്ത് നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്ക് സമീപം ഓട്ടോ നിര്‍ത്തി നിസ്‌കരിക്കാന്‍ പോയ ആളുടെ ഓട്ടോറിക്ഷയാണ് യുവാവ് മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്‌പെക്ടര്‍ വിനോദന്‍.കെ. യുടെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

യുപി സ്വദേശിയായ രാഹുല്‍കുമാര്‍ (24) എന്നയാളെ കസബ പോലീസ് കോഴിക്കോട് പാളയത്തുള്ള അയാളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട ഓട്ടോറിക്ഷ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

കോഴിക്കോട് ടൗണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ പത്ത് ദിവസമായി പ്രതിയേയും ഓട്ടോറിക്ഷയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് പ്രതി അറസ്റ്റിലാകുന്നത്.

50ഓളം സി.സി.ടി.വി വിഷലുകള്‍ പരിശോധിച്ചും, സമാനമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട നിരവധി ആളുകളെ നേരില്‍ കണ്ട് അന്വേഷണം നടത്തിയും മറ്റും സിസിടിവി ദൃശ്യത്തിലുള്ളതിന് രൂപസാദൃശ്യമുള്ള പ്രതിയിലേക്ക് എത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതില്‍ പാളയത്തിനു പിറകിലുള്ള സി പി ബസാര്‍ റോഡിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു.

Exit mobile version