ആലപ്പുഴ: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ യുവാവിനെ തിരുവോണ ദിവസം അറസ്റ്റ് ചെയ്ത് പോലീസ്. നെടുമ്പ്രക്ക കൂമ്പേല്‍ വീട്ടില്‍ മാട്ടന്‍ എന്ന് വിളിക്കുന്ന അഭിറാമിനെയാണ് (29 ) പോലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ സമീപ കാലത്തുണ്ടായ ഗുണ്ടാ ആക്രമണ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അഭിറാം.
ഇയാളോട് 6 മാസ കാലത്തേക്ക് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുതെന്ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ മാസം ആദ്യം ഈ ഉത്തരവ് കൈപ്പറ്റിയ ഇയാള്‍ ജില്ലയില്‍ നിന്നും പുറത്തു പോവുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഇയാള്‍ രഹസ്യമായി നാട്ടിലെത്തി.
ഇയാള്‍ നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവോണ ദിവസം പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചേര്‍ത്തല പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആന്റണി വി ജെ, പ്രസാദ്, രംഗപ്രസാദ്, സീനിയര്‍ സി.പി.ഒ അഭിലാഷ്, സി.പി. നിധി. എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post