തിരുവനന്തപുരം: കർഷകർക്ക് നെല്ല് സംഭരിച്ചതിന്റെ വില നൽകിയില്ലെന്ന ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് മറുപടി നൽകി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കർഷകർക്ക് പണം കിട്ടിയില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
ജയസൂര്യ പ്രസംഗത്തിനിടെ ചൂണ്ടിക്കാണിച്ച പണം ലഭിച്ചില്ലെന്ന് പറഞ്ഞ സുഹൃത്ത് കൃഷ്ണ പ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. ആ പരാമർശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമർശം നടത്തിയതെന്നും മന്ത്രി പറഞ്ഞു. കൃഷ്ണ പ്രസാദിന് കുടിശ്ശികയെല്ലാം കൊടുത്തതാണ്. അത് അവാസ്തവമാണെന്ന് മനസ്സിലാക്കാതെ ജയസൂര്യ പ്രതികരിക്കുകയായിരുന്നു എന്ന് മന്ത്രി വിശദമാക്കി.
‘കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരൻ കൃഷ്ണകുമാർ ചങ്ങനാശ്ശേരിയിൽ ബിജെപിയുടെ കൗൺസിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗൺസിലർ. അത്തരത്തിലൊരാൾ ദുഷ്ടലാക്കോടെ ജയസൂര്യയെ കാര്യം അറിയിക്കുന്നു. ജയസൂര്യ കാര്യം മനസ്സിലാക്കേണ്ടതായിരുന്നു.’- എന്നാണ് മന്ത്രി ജിആർഅനിൽ പറഞ്ഞത്.
എന്നാൽ, നെനല്ല് സംഭരിച്ചതിൽ കർഷകർക്ക് വില നൽകിയില്ലെന്ന വിമർശനം ആവർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. തന്റേത് കർഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും രാഷ്ട്രീയ പക്ഷ ആരോപണങ്ങളോട് ജയസൂര്യ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിനെ വേദിയിലിരുത്തിയാണ് നെല്ല് സംഭരിച്ചിട്ടും കർഷകർക്ക് പണം നൽകിയില്ലെന്ന വിമർശനം ജയസൂര്യ ഉയർത്തിയത്. പരാമർശം ചർച്ചയായ പശ്ചാത്തലത്തിലാണ് ജയസൂര്യയുടെ വിശദീകരണം.
‘സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയിട്ടില്ലെന്ന് സുഹൃത്ത് കൃഷ്ണപ്രസാദ് പറഞ്ഞാണ് അറിയുന്നത്. അത് കടുത്ത അനീതിയായി എനിക്ക് തോന്നി. പാവം കർഷകർ അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത് എന്താണ്?’- എന്നാണ് ജയസൂര്യ ചോദിച്ചത്.
കൂടാതെ, തനിക്ക് ഈ വിഷയത്തിൽ രാഷ്ട്രീയമില്ല. വ്യക്തി കേന്ദ്രികൃത വിമർശനം ഇല്ല. കർഷകരുടെ വിഷയം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ മലയാള മനോരമ ദിനപത്രത്തിലെഴുതിയ കുറിപ്പിലൂടെ വിശദീകരിച്ചു.