തിരുവനന്തപുരം: പതിവുപോലെ മുൻകാലത്തെ റെക്കോർഡുകൾ ഭേദിച്ച് ഇത്തവണയും കേരളത്തിലെ കുടിയന്മാർ. ഇത്തവണത്തെ ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവിട്ടം വരെയുള്ള കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും വിറ്റഴിച്ചതെന്ന് കണ്കകുകൾ പറയുന്നു.
അതേസമയം, കഴിഞ്ഞ വർഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റിരുന്നത്. അവിട്ടം ദിനമായ ഇന്നലെ മാത്രം ബിവറേജസ് കോർപ്പറേഷൻ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞത്.
ഈ പത്ത് ദിവസത്തിനിടെ തിരൂരിൽ 7 കോടിയുടെ മദ്യം വിറ്റിട്ടുണ്ട്. ഓണക്കാലത്തെ മദ്യവിൽപ്പനയിലൂടെ സർക്കാരിലേക്കെത്തിയത് 675 കോടിയുടെ വരുമാനമാണ്. ഉത്രാട ദിനം വരെയുള്ള എട്ട് ദിവസം665 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
21.8.23 മുതൽ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വിൽപ്പനയുടെ കണക്കാണിത്. ഇത്തവണ 41കോടി രൂപയുടെ അധിക വിൽപനയാണ് ഉത്രാടം വരെ നടന്നതെന്ന് ബെവ്കോ കണക്കുകളിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ ഓണക്കാലമായ 31.8.22 മുതൽ 7.9.22 വരെ 624 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. കഴിഞ്ഞ വർഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വിൽപ്പനയാകട്ടെ 700.6 കോടിയുടേതായിരുന്നു. ഈ റെക്കോർഡാണ് ഇത്തവണ തകർത്തിരിക്കുന്നത്.
Discussion about this post