ഇടുക്കി: കട്ടപ്പനയില്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കട്ടപ്പനയില്‍ ഇന്നലെയാണ് പെണ്‍കുട്ടി എത്തിയത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് എത്തിയില്ല. അതിന്റെ വിഷമത്തില്‍ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡില്‍ ഇന്നലെ 3 മണിയോടെയാണ് വിചിത്ര സംഭവം അരങ്ങേറിയത്. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
എറണാകുളത്ത് ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാന്‍ഡില്‍ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല.
അപ്പോഴേക്കും കാര്യങ്ങള്‍ ഭര്‍ത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post